ടെക്കുംസേ
ടെക്കുംസേ | |
---|---|
A romanticized depiction of Tecumseh from c. 1868 | |
ജനനം | March, 1768 |
മരണം | 1813 ഒക്ടോബർ 5 (aged 45) |
ശവകുടീരം | Walpole Island, Canada |
ദേശീയത | Shawnee |
മറ്റ് പേരുകൾ | Tecumtha, Tekamthi |
അറിയപ്പെടുന്നത് | War of 1812 |
മാതാപിതാക്കൾ(s) | Puckshinwa, Methoataske |
വെള്ളക്കാരുടെ കടന്നുകയറ്റത്തിനെതിരെ അമേരിന്ത്യൻ വംശജരെ സംഘടിപ്പിക്കുന്നതിനു നേതൃത്വം നൽകിയ ഷാവ്നി ഗോത്ര പ്രമുഖൻ.
ജീവിതരേഖ[തിരുത്തുക]
യു.എസ്സിലെ ഒഹായോ എന്ന സ്ഥലത്ത് 1768-ൽ ഇദ്ദേഹം ജനിച്ചു. വെള്ളക്കാരോടു പോരാടി പോയിന്റ് പ്ലസന്റിലെ യുദ്ധത്തിൽ 1774-ൽ മരണമടഞ്ഞ ഒരു ഷാവ്നി മുഖ്യനായിരുന്നു ടെക്കുംസേയുടെ പിതാവ്. ടെക്കുംസേ ചെറുപ്പം മുതൽ കുടിയേറ്റക്കാരോട് എതിർപ്പു പ്രകടിപ്പിച്ചിരുന്നു. 1794-ൽ വെള്ളക്കാരുമായുണ്ടായ ഒരേറ്റുമുട്ടലിൽ മറ്റു ഇന്ത്യൻ ഗോത്രവർഗക്കാരോടൊപ്പം ടെക്കുംസേയും പങ്കെടുക്കുകയുണ്ടായി. എന്നാൽ ഈ ഏറ്റുമുട്ടലിൽ ഇന്ത്യൻ ഗോത്രവർഗ സേനയ്ക്ക് പരാജയം സംഭവിച്ചു. 1805-ഓടെ അമേരിക്കൻ ഇന്ത്യൻ ഗോത്രവർഗക്കാർ ഇദ്ദേഹത്തെ തങ്ങളുടെ നേതാവായി അംഗീകരിച്ചു. ഗോത്രവർഗക്കാരാരുംതന്നെ തങ്ങളുടെ ഭൂമി വെള്ളക്കാർക്കു വിൽക്കരുതെന്നും വിവിധ ഗോത്രങ്ങൾ തമ്മിലുള്ള ശത്രുത അവസാനിപ്പിച്ച് സംഘടിച്ചാൽമാത്രമേ നിലനിൽപുണ്ടാകൂ എന്നും ഇദ്ദേഹം അവരെ ഉദ്ബോധിപ്പിച്ചിരുന്നു. ടെക്കുംസേയുടെ സഹോദരനായിരുന്ന 'പ്രോഫറ്റ് ' എന്നറിയപ്പെട്ടിരുന്ന ടെൻസ്ക്വാടവയും (Tenskwatawa) ഈവിധ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ സേവനം ടെക്കുംസേക്കു സഹായകരമാവുകയും ചെയ്തു. ഇവർ 1808-ൽ ഒഹായോയിൽ നിന്നും പുറത്താക്കപ്പെട്ടു. തുടർന്ന് ഇവർ ഇൻഡ്യാനയിലെത്തുകയും അമേരിക്കൻ ഇന്ത്യൻ ഗോത്രവർഗക്കാരെ സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങളാരംഭിക്കുകയും ചെയ്തു. കാനഡയിലുണ്ടായിരുന്ന ബ്രിട്ടീഷുകാരുടെ സഹായവും ഇവർക്കു ലഭിച്ചിരുന്നു. ഗോത്രവർഗക്കാരെ സംഘടിപ്പിക്കുന്ന പ്രവർത്തനം വിപുലമാക്കാൻ വേണ്ടി ടെക്കുംസേ തെക്കൻ പ്രദേശങ്ങളിലേക്കുപോയി. തന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഇന്ത്യരുടെ മേൽനോട്ടം ടെൻസ്ക്വാടവയെ ഏൽപിച്ചശേഷമാണ് ടെക്കുംസേ യാത്ര തിരിച്ചത്. ഈ അവസരത്തിൽ ടെൻസ്ക്വാടവയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഗോത്രവർഗസേനയും വില്യം ഹെന്റി ഹാരിസൺ നയിച്ചിരുന്ന യു.എസ്. സൈന്യവും തമ്മിൽ ടിപ്പിക്കെനൂവിൽ വച്ച് 1811 ന. 7-ന് ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലിൽ ഇന്ത്യർ പരാജയപ്പെടുകയും അവരുടെ സേന ഛിന്നഭിന്നമാവുകയും ചെയ്തു. പിന്നീട് 1812-ൽ നടന്ന ബ്രിട്ടീഷ് യു.എസ്. യുദ്ധത്തിൽ ടെക്കുംസേ ബ്രിട്ടിഷ് പക്ഷത്തു ചേർന്നുകൊണ്ട് അമേരിക്കക്കാർക്കെതിരായി യുദ്ധം ചെയ്തു. ഇദ്ദേഹം ബ്രിട്ടിഷുകാർക്കുവേണ്ടി ഗോത്രവർഗക്കാരെ സൈന്യത്തിൽ ചേർക്കുകയുമുണ്ടായി. സൈന്യത്തിന്റെ ബ്രിഗേഡിയർ ജനറലായി പ്രവർത്തിച്ചിരുന്ന ടെക്കുംസേ 2000 യോദ്ധാക്കളെയാണ് നയിച്ചിരുന്നത്. ഈ യുദ്ധത്തിൽ 1813 ഒ. 5-ന് ഇദ്ദേഹം കൊല്ലപ്പെട്ടു.
അവലംബം[തിരുത്തുക]
പുറം കണ്ണികൾ[തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Tecumseh എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Biography of Shawnee Chief Tecumseh
- Tecumseh biography
- Biography at the Dictionary of Canadian Biography Online
- Canada: A People's History online section on Tecumseh
- Tecumseh: A Brief Biography by Devin Bent
- Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .
- Wilson, James Grant; Fiske, John, eds. (1889). "article name needed". Appletons' Cyclopædia of American Biography. New York: D. Appleton. Text "Tecumseh" ignored (help)
- "Tecumseh". The New Student's Reference Work. Chicago: F. E. Compton and Co. 1914.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടെക്കുംസേ (1768 - 1813) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |